പുണ്യവും, പുരാതനവുമായ തെക്കൻ തിരുവിതാംകൂറിലെ നിത്യ ചൈതന്യ ജ്യോതിസ്സായ ക്ഷേത്രങ്ങളിൽ പ്രധാനവും ശക്തി മഹാത്മ്യം കൊണ്ട് സുപ്രസിദ്ധവുമായ ക്ഷേത്രവുമാണ് വർക്കലയിലെ കണ്ണംബ ഭഗവതി ക്ഷേത്രം. വർക്കല വില്ലേജിൽ പ്രകൃതി രമണീയമായതും, ചരിത്ര സംഭവങ്ങളാലും സാംസ്‌കാരിക ഔന്നത്യത്താലും ധന്യമായ പ്രദേശമാണ് കണ്ണംബ. കണ്വ മഹർഷി ഇതിനടുത്ത കുന്നിൽ തപസ്സ് അനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്നു. കണ്വ മഹർഷി വസിച്ചിരുന്ന സ്ഥലം ഇന്ന് കണ്വാശ്രമം എന്ന പേരിൽ അറിയപ്പെടുന്നു.മഹർഷിയാൽ പ്രതിഷ്‌ഠിക്കപ്പെട്ട അംബ അഥവാ അമ്മ ആയതിനാൽ കണ്വ അംബ എന്നും കാലക്രമത്തിൽ ഇത് കണ്ണംബ ആയിത്തീർന്നതാകാം എന്നും വിശ്വസിക്കുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവീക്ഷേത്രമാണ് കണ്ണംബയിലുള്ളത്. ഇത് ഒരു കുടുംബക്ഷേത്രമാണെങ്കിലും നാനാജാതി മതസ്ഥർ വിശ്വാസപൂർവ്വം ഇവിടെ ആരാധിച്ചു വരുന്നു. അതുകൊണ്ടുതന്നെ ദേവിയുടെ അടുത്ത് വലതു ഭാഗത്തായി ദുർഗ്ഗാപ്രതിഷ്ഠയും, കന്നി മൂലയിൽ ഗണപതിയും, അതിനു മുൻപിലായി യക്ഷിയമ്മയും, ഗണപതിയുടെ വലതു ഭാഗത്തു ബ്രഹ്മ രക്ഷസ്സ്,കളരി മൂർത്തി,ഇടതു ഭാഗത്തു യോഗീശ്വരൻ, ക്ഷേത്രത്തിനു മുന്നിൽ ഇടതു ഭാഗത്തു ശിവനും, വലതു ഭാഗത്തു കാടിയാതിയും, ക്ഷേത്രത്തിനു മുൻപിൽ കുളവും, വടക്കു ഭാഗത്തു നാഗരാജാവ് എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കുംഭമാസത്തിലെ ഭരണി നാളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. അനുഷ്‌ഠാന കലകൾക്കും, തനതു കലകൾക്കും, ശാസ്ത്രീയ കലകൾക്കും പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന ഉത്സവം ഒരു ദേശിയ ഉത്സവത്തിന്റെ പ്രതീതിയാണ് ഉണർത്തുന്നത്. അത് കൊണ്ട് തന്നെ കുംഭഭരണി ഉത്സവം ഒരു ദേശിയ ഉത്സവമായി ആഘോഷിക്കുന്നു. ഉത്സവത്തിന് 9 ദിവസം മുൻപ് ദേവിയെ പ്രകീർത്തിച്ചു കൊണ്ട് തോറ്റം പാട്ട് ആരംഭിക്കുന്നു. ഒൻപതാം ദിവസം അഭീഷ്‌ഠദായിനിയുടെ അനുഗ്രഹാശിസ്സുകൾക്കായി ഭക്തജനങ്ങൾ ദേവീ സന്നിധിയിൽ പൊങ്കാല അർപ്പിക്കുന്നു. ഭക്തിസാന്ദ്രതയും, ഒരുമയും വിളിച്ചോതുന്ന പ്രസ്തുത വഴിപാട് നടത്തുന്നതിനായി വർഷം തോറും ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചു വരുന്നു. ഭരണി ദിവസം വാദ്യഘോഷങ്ങളും, ആറാട്ട് ഘോഷയാത്രയുമായി ദേവി തൻ്റെ ഭക്തരെ നേരിൽ കണ്ടു അനുഗ്രഹിക്കാൻ ആനപ്പുറത്തു എഴുന്നള്ളി എല്ലാ വീടുകളിലും എത്തുന്നു. ഭക്തജനങ്ങൾ പറയിട്ടു ദേവിയെ സ്വീകരിക്കുന്നു. ഇവിടുത്തെ ഉത്സവത്തിന്റെ ഏറ്റവും ആകർഷണം കെട്ടുകാഴ്ച അഥവാ എടുപ്പ് കുതിരയാണ്.